
ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പുതിയ നിർദേശവുമായി ഐ.എസ്.ആർ.ഒ.. ഭാവിയിലെ മനുഷ്യസഹിത ദൗത്യങ്ങളിൽ സൈനിക പശ്ചാത്തലമുള്ള പൈലറ്റുമാരോടൊപ്പം സാധാരണ പൗരന്മാരെയും ഉൾപ്പെടുത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇതിലൂടെ ബഹിരാകാശയാത്ര ഇനി കുറച്ച് ആളുകളുടെ സ്വപ്നമല്ല സമൂഹത്തിന്റെയും ലക്ഷ്യമായി മാറും.
ബഹിരാകാശ സഞ്ചാരികളുടെ തിരഞ്ഞെടുപ്പിനും പരിശീലനത്തിനുമായി രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഈ നിർദേശം മുന്നോട്ടുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ടാംഘട്ട പരിശീലന ബാച്ചിൽ ആകെ 10 പേരെ ഉൾപ്പെടുത്താനാണ് പദ്ധതി. ഇതിൽ ആറ് മിഷൻ പൈലറ്റുമാരും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള നാല് സിവിലിയൻ വിദഗ്ധരുമുണ്ടാകും.ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്ത ആദ്യ സംഘത്തിൽ പൂർണമായും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരായിരുന്നു ഉൾപ്പെട്ടിരുന്നത്. പ്രശാന്ത് നായർ, ശുഭാംശു ശുക്ല, അജിത് കൃഷ്ണൻ, അംഗത് പ്രതാപ് എന്നിവർ അതിൽപ്പെട്ടവരാണ്. എന്നാൽ ഇനി ബഹിരാകാശ ദൗത്യങ്ങളുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തം അനിവാര്യമാകുന്നു.
ഇത് വിനോദയാത്ര ലക്ഷ്യമിട്ടുള്ള പദ്ധതി അല്ല. ബഹിരാകാശ ഗവേഷണം, ഭാവിയിലെ സ്പേസ് സ്റ്റേഷൻ നിർമാണം, സാങ്കേതിക പരീക്ഷണങ്ങൾ എന്നിവയ്ക്കായി ശാസ്ത്രീയ വൈദഗ്ധ്യമുള്ള സിവിലിയൻ വിദഗ്ധരെ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാകുന്ന സാഹചര്യമാണ്. അതിനാൽ ഭാവിയിലെ ഗഗൻയാൻ ദൗത്യങ്ങളിൽ ഇത്തരം വിദഗ്ധർക്ക് കൂടുതൽ മുൻഗണന ലഭിക്കും.
അതേസമയം, സാധാരണ പൗരന്മാരെ ഉടൻ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതി നിലവിലില്ല. മനുഷ്യരെ ഉൾപ്പെടുത്തിയുള്ള നാലാം ഗഗൻയാൻ ദൗത്യത്തിലായിരിക്കാം ഇവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഓരോ യാത്രികനും ഏകദേശം രണ്ട് വർഷം ഇടവേളയ്ക്ക് ശേഷം വീണ്ടും ബഹിരാകാശ യാത്രക്ക് അവസരം ലഭിക്കാവുന്നതാണ്.
സഞ്ചാരികളുടെ തിരഞ്ഞെടുപ്പ് മുതൽ പരിശീലനം വരെ മുഴുവൻ പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം നാലര വർഷം വേണ്ടിവരും. ഭാവിയിൽ ബഹിരാകാശ യാത്രികരുടെ എണ്ണം 40 വരെ വർധിപ്പിക്കാനാണ് ഐ.എസ്.ആർ.ഒ. ആലോചിക്കുന്നത്. കൂടാതെ, ഏഴാം ദൗത്യത്തോടെ ഓരോ ഫ്ലൈറ്റിലും മൂന്ന് പേർ വരെ യാത്ര ചെയ്യാനുള്ള ശേഷിയും വികസിപ്പിക്കാനാണ് പദ്ധതി.ഗഗൻയാൻ വിക്ഷേപണം; വെല്ലുവിളികളും സാധ്യതകളും
മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. വിദേശ സഹകരണങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാത്തതിനാൽ, ഇന്ത്യ ഇപ്പോൾ സ്വതന്ത്രമായി ഈ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ഐ.എസ്.ആർ.ഒ.യുടെ ഈ പുതിയ നീക്കം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായൊരു ഘട്ടമാകും. ശാസ്ത്രവും സ്വപ്നങ്ങളും കൈകോർക്കുന്ന ഈ യാത്ര, ഭാവിയിൽ സാധാരണക്കാർക്കും നക്ഷത്രങ്ങളെ സ്പർശിക്കാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.