‘തെരുവ് ഗുണ്ടകളുടെ ശൈലി… ജനാധിപത്യവിരുദ്ധം’…. മുഹമ്മദ് ഷിയാസിന് കെ.ജെ മാക്സിയുടെ മറുപടി


        

കൊച്ചി: കൊച്ചി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി അധ്യക്ഷനുമായ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ജെ മാക്സി. മാക്സി ഇതുവരെ ‘ആണുങ്ങളോട് മത്സരിച്ചിട്ടില്ല’ എന്ന ഷിയാസിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്നും തെരുവ് ഗുണ്ടകളുടെ ശൈലിയിലുള്ള ഭാഷയാണിതെന്നും അദ്ദേഹം പറഞ്ഞു.

താൻ കഴിഞ്ഞ രണ്ട് തവണയും നേരിട്ടത് കോൺഗ്രസിലെ പ്രധാന നേതാക്കളെയാണ്. അതിനെ താഴ്ത്തിക്കെട്ടുന്നത് ജനാധിപത്യവിരുദ്ധമാണ്. ചില വൈദികരുടെ ഇടപെടലിനെക്കുറിച്ചുള്ള ഷിയാസിന്റെ പരാമർശവും മാക്സി തള്ളി. സഭ ഒരിക്കലും ഒരാൾക്ക് വേണ്ടി മാത്രമായി നിലകൊള്ളില്ലെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ.ജെ മാക്സിയെ ‘പപ്പടം പോലെ പൊടിക്കുമെന്നും’ അദ്ദേഹം ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നുമുള്ള ഷിയാസിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. ‘യഥാർത്ഥ സ്ത്രീശക്തി എന്താണെന്ന് അറിയാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.’ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കൾ പോലും ഷിയാസിന്റെ ‘ആണത്ത’ പരാമർശത്തെ തള്ളിപ്പറഞ്ഞത് യുഡിഎഫ് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കൊച്ചിയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്

Previous Post Next Post