വെള്ളായണിയിൽ 150 ഏക്കർ പാടശേഖരത്തിൽ തീപിടിത്തം, പുകപടലങ്ങൾ ഉയരുന്നതിൽ പരിഭ്രാന്തരായി ജനം


വെള്ളായണി ശിവോദയം റോഡിന് സമീപം മാംഗ്ലിക്കരിയിലെ വിശാലമായ പാടശേഖരത്തിൽ വ്യാപകമായ തീപിടിത്തം. വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 150 ഏക്കറോളം വരുന്ന പാടശേഖരത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയപ്പോൾ സ്ഥലത്തെ ഉണങ്ങിയ പുല്ലും അടിക്കാടും കത്തിനശിച്ചു.

പാടശേഖരത്തിൽ പച്ചപ്പ് ഉള്ളതിനാൽ തീ ആളിപ്പടരുന്നില്ലെങ്കിലും, ഉണങ്ങിയ ഭാഗങ്ങൾ കത്തുന്നതുമൂലം പ്രദേശത്ത് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇത് പരിസരവാസികൾക്ക് നേരിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സേന വിലയിരുത്തി.സംഭവസ്ഥലത്തെത്തിയ അധികൃതർ വാർഡ് മെമ്പറെയും പരിസരവാസികളെയും സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. നിലവിൽ തീ ജനവാസ മേഖലകളിലേക്ക് പടരാനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും ജാഗ്രത പാലിക്കണമെന്നും, തീ പടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചാണ് സേന മടങ്ങിയത്.

Previous Post Next Post