
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും അധികാര തുടർച്ചയെന്ന് എൽ ഡി എഫ് പ്രതീക്ഷ. അവസാനവട്ട കണക്കുകൂട്ടലിലും 75 സീറ്റുകൾ നേടി ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിൻറെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ അത്ര വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താൻ ആവശ്യമായ സീറ്റുകൾ ലഭിക്കുമെന്നാണ് സി പി എമ്മിന്റെ അവസാനവട്ട കണക്കുകൂട്ടൽ. 7 ജില്ലകൾ രക്ഷിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ ലഭിക്കുന്ന സീറ്റുകൾ ഇടത് മുന്നണിക്ക് ഭരണത്തുടർച്ച സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇടതുകോട്ടയെന്ന കൊല്ലത്തിൻറെ ഖ്യാതിക്ക് ഇളക്കംതട്ടിയ തദ്ദേശ തിരഞ്ഞെടുപ്പാണ് കടന്നു പോയത്. സി പി എമ്മിൻറെ ശക്തികേന്ദ്രങ്ങൾ പോലും യു ഡി എഫ് തരംഗത്തിൽ ആടിയുലഞ്ഞു. കനത്ത തിരിച്ചടിയുടെ ആഘാതം വിട്ടുമാറും മുമ്പ് വന്നുചേർന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ സീറ്റുകളിൽ വിജയിക്കാനായാൽ അത് സി പി എമ്മിന് ആശ്വാസമേകും.
അതേസമയം ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. എക്സിറ്റ്പോളുകളും കേരളത്തിൽ യു ഡി എഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. യു ഡി എഫിന് അനുകൂലമാണ് കേരള ജനതയുടെ വിധിയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിലടക്കമുള്ള കാര്യങ്ങൾ അതിവേഗത്തിലാകുമെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുള്ളത്. ഫലം അനുകൂലമെങ്കിൽ ഹൈക്കമാൻഡ് നിരീക്ഷകർ നാളെ തന്നെ കേരളത്തിലെത്തും. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ ട്രെൻഡ് ലഭ്യമായേക്കും