
കൈക്കൂലി കേസിൽ കെഎസ്ഇബി കുറ്റിപ്പുറം സെക്ഷൻ ഓഫിസിലെ മുൻ ഓവർസിയറെ വിജിലൻസ് കോടതി മൂന്നു വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരന്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയർന്ന നിരക്കിലുള്ള ചാർജ് ഈടാക്കാതിരിക്കാൻ 700 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുറ്റിപ്പുറം കെ.എസ്.ഇ. ബി സെക്ഷൻ ഓഫിസിലെ മുൻ ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ മൈക്കിൾ പിള്ളയെ (60) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു.
വീട് നിർമാണ പ്രവർത്തനങ്ങൾക്കായി വൈദ്യുതി ഉപയോഗിക്കാൻ 2020ൽ കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. സെക്ഷൻ ഓഫിസിൽ ഓവർസിയറായിരുന്ന മൈക്കിൾ പിള്ള അപേക്ഷ കൈപ്പറ്റിയ ശേഷം വൈദ്യുതി ഉപയോഗിക്കാൻ പരാതിക്കാരന് വാക്കാൽ അനുമതി നൽകി. തുടർന്ന്, നിർമാണം പൂർത്തിയാക്കിയശേഷം അധിക നിരക്കിലുള്ള വൈദ്യുതി ചാർജ് അടക്കാനായി കുറ്റിപ്പുറം സെക്ഷൻ ഓഫിസിൽ എത്തിയ പരാതിക്കാരനോട്, 1,560 രൂപ യഥാർഥത്തിൽ ചാർജാകുമെന്നും ഈ തുക അടക്കുന്നതിനു പകരമായി 700 രൂപ തനിക്ക് കൈക്കൂലിയായി നൽകിയാൽ മതിയെന്നും മൈക്കിൾ പിള്ള ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൈക്കൂലി തുകയായ 700 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം മലപ്പുറം വിജിലൻസ് യൂനിറ്റ് കൈയോടെ പിടികൂടിയ കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചതും.