പൊതുമരാമത്തിന് ഷാജിയോ ബഷീറോ?…. ലീഗിൽ മന്ത്രിസ്ഥാനത്തിനായി ഫ്ലക്സ് യുദ്ധം


        

മലപ്പുറം: ഭരണത്തിലേറുന്ന മുസ്ലിം ലീഗിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി നേതാക്കളുടെ അനുയായികൾ തമ്മിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചു. പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിനെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ട് കെ.എം. ഷാജിയും പി.കെ. ബഷീറും രംഗത്തുണ്ട്. മലപ്പുറം അരീക്കോട് ഇരുവരെയും അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകൾ ഷാജിക്ക് വേണ്ടിയും ബഷീറിന് വേണ്ടിയും ഒരേ സ്ഥലത്ത് ഉയർന്നു.

ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവിൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന വ്യവസായം, ഐ.ടി, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ അദ്ദേഹം തന്നെ നിലനിർത്താനാണ് നീക്കം. ഈ വകുപ്പ് കോൺഗ്രസുമായി വെച്ചുമാറേണ്ടതില്ലെന്ന് ലീഗ് ഉറച്ച നിലപാടിലാണ്. എൻ. ഷംസുദ്ദീൻ അല്ലെങ്കിൽ ആബിദ് ഹുസൈൻ തങ്ങൾ എന്നിവരിൽ ഒരാൾ വിദ്യാഭ്യാസ മന്ത്രിയായേക്കും. പാർട്ടി തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പാറക്കൽ അബ്ദുള്ളയോ എ.കെ.എം. അഷ്റഫോ തദ്ദേശ സ്വയംഭരണം വകുപ്പിലേക്ക് പരിഗണിക്കപ്പെട്ടേക്കും.

പി.കെ. ബഷീറിന് വേണ്ടി കഴിഞ്ഞദിവസം ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നാലെയാണ് ഇന്ന് കെ.എം. ഷാജിക്കായി അതേ സ്ഥലത്ത് ബോർഡുകൾ ഉയർന്നത്. മന്ത്രിസ്ഥാനം ഉറപ്പിക്കാൻ അണികൾ സമ്മർദ്ദ തന്ത്രം പയറ്റുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ പാണക്കാട് തങ്ങളുടെ തീരുമാനമായിരിക്കും അന്തിമമെന്നാണ് നേതൃത്വം പറഞ്ഞു.


        

Previous Post Next Post