ചോദ്യപേപ്പർ വിൽപനയ്ക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് സൂചന. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി കേരളത്തിലെ മെഡിക്കൽ കോളേജിലിരുന്ന് ഇടപാടുകൾക്ക് ഏകോപനം നടത്തിയോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ ഗൗരവമായി പരിശോധിക്കുകയാണെന്നും എൻടിഎ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ഇതിനോടകം തന്നെ ചിലർ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.