കള്ളനെന്ന് മുദ്രകുത്തി, ക്രൂരമായി മർദ്ദിച്ചു”…. യാസറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം…. അന്വേഷണം ഊർജ്ജിതം


മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂർ സ്വദേശി യാസറിനെ (19) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ശക്തമാക്കി. മരിക്കുന്നതിന് മുൻപ് യുവാവ് ക്രൂരമായ മർദ്ദനത്തിനും മാനസിക പീഡനത്തിനും ഇരയായെന്നാണ് കുടുംബത്തിന്റെ പരാതി. മരിച്ച ദിവസം പകൽ ഒരു മൊബൈൽ ഷോപ്പ് ഉടമ യാസറിനെ വിളിച്ചുകൊണ്ടുപോയി കടയിൽ വെച്ച് മർദ്ദിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മൊബൈൽ മോഷണം ആരോപിച്ചു യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് യുവാവിനെ വലിയ മാനസിക വിഷമത്തിലാക്കി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയിൽ വെച്ചുണ്ടായ തർക്കത്തിനിടെ യാസറിന്റെ മൊബൈൽ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടപ്പെട്ടിരുന്നു. “ഫോണും ബുള്ളറ്റും നഷ്ടമായി, ഇനി ജീവിതം അവസാനിപ്പിക്കുകയാണ്” എന്ന് യാസർ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി യാസറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണപ്പാറയിലെ മൊബൈൽ ഷോപ്പ് പോലീസ് അടപ്പിച്ചു. മരണത്തിലെ ദുരൂഹതകൾ നീക്കാൻ സിസിടിവി ദൃശ്യങ്ങളും യുവാവിന്റെ ഫോൺ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും മറ്റാർക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും യാസറിന്റെ കുടുംബം ആവശ്യപ്പെട്ടു

Previous Post Next Post