കൊച്ചി: കേരളത്തെ നടുക്കിയ അവയവക്കച്ചവടക്കേസിലെ മുഖ്യപ്രതി നജീബിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അവയവക്കച്ചവടത്തിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് ഇയാൾ വ്യാപകമായി ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. നിലവിലുള്ള അവയവദാന നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇയാൾ ഈ മാഫിയ പ്രവർത്തനം നടത്തിയിരുന്നത്.

അവയവം ആവശ്യമുള്ള രോഗികളിൽ നിന്ന് വൻതുക കൈപ്പറ്റുകയും അതിന്റെ ഭൂരിഭാഗവും കമ്മീഷനായി കൈക്കലാക്കുകയുമായിരുന്നു നജീബിന്റെ രീതി. ചിലരിൽ നിന്ന് അഡ്വാൻസ് തുക വാങ്ങി അവയവം നൽകാതെയും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിനെക്കുറിച്ചും മറ്റ് ബിനാമി ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ പരിശോധന തുടങ്ങിക്കഴിഞ്ഞു. നജീബിന്റെ പേിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായാണ് സൂചന. കൂടുതൽ ബിനാമി അക്കൗണ്ടുകൾ ഉണ്ടോ എന്ന് അറിയാനായി ബാങ്കുകൾക്ക് പോലീസ് കത്ത് നൽകി. ഇടപാടുകളുടെ പൂർണ്ണരൂപം ലഭ്യമാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവയവക്കടത്തിനായി വ്യാജരേഖകൾ ചമയ്ക്കാൻ നജീബിനെ സഹായിച്ച സനോജ് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. നജീബിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഈ മാഫിയയുടെ പിന്നിലുള്ള ഉന്നത ബന്ധങ്ങളും പുറത്തുവരുമെന്നാണ് പോലീസ് വൃത്തങ്ങൾ കരുതുന്നത്.