“പിണറായി വിരുദ്ധത ആഞ്ഞടിച്ചു, അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുത്"... കടുത്ത വിമർശനവുമായി സി.പി.ഐ





തിരുവനന്തപുരം: ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ സി.പി.ഐ നേതൃയോഗങ്ങളിൽ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ ചില നിലപാടുകളും പദപ്രയോഗങ്ങളും ജനങ്ങളെ മുന്നണിയിൽ നിന്ന് അകറ്റിയെന്ന് പാർട്ടി നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശനെ ഒരു ഘട്ടത്തിൽ പോലും വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. ഇത് അവരെ ഇടതുപക്ഷത്ത് നിന്ന് അകറ്റാൻ കാരണമായി. “വീട്ടിൽ പോയി ചോദിക്കൂ”, “ചെറ്റത്തരം” തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. മാന്യതയില്ലാത്ത ഇത്തരം ഭാഷാപ്രയോഗങ്ങൾ വോട്ടർമാർക്കിടയിൽ തിരിച്ചടിയായി. പാർട്ടിയിലെയും മുന്നണിയിലെയും എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി പരാജയത്തിന് വഴിതെളിച്ചു. പുതിയ ആളുകൾ നേതൃത്വത്തിലേക്ക് വരണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും സി.പി.ഐയിൽ ആവശ്യം ഉയർന്നു.

സി.പി.എമ്മിനെ മാത്രമല്ല, സ്വന്തം പാർട്ടി നേതൃത്വത്തെയും സി.പി.ഐ യോഗങ്ങളിൽ അംഗങ്ങൾ കടന്നാക്രമിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകൾക്കും തിരഞ്ഞെടുപ്പ് ഏകോപനത്തിലെ പരാജയത്തിനും പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് വിമർശനമുയർന്നു. പരാജയം അപ്രതീക്ഷിതമാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. പരാജയത്തെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കുമെന്നും അംഗങ്ങൾക്ക് ഭയമില്ലാതെ അഭിപ്രായം പറയാൻ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post