കണ്ണൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിട്ടി പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. ബെംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്‌ലീം. ഇരിട്ടി-മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് നരയമ്പാറ പെട്രോൾ പമ്പിന് സമീപമുള്ള റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കും തസ്‌ലീമും സമീപത്തെ ഓവുചാലിലേക്ക് വീഴുകയും ബൈക്കിന് തീപിടിക്കുകയും ചെയ്തു. ബൈക്കിന്റെ അടിയിൽ അകപ്പെട്ട തസ്‌ലീമിന് തീപടർന്നതോടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല. പൂർണമായും കത്തിയ ബൈക്കിനിടയിൽ അകപ്പെട്ട തസ്‌ലീമിനെ നാട്ടുകാർ എത്തിയാണ് പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.