
നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച (04-05-2026) കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ അതിരുകടക്കുകയോ സംഘർഷാവസ്ഥ ഉണ്ടാകുകയോ ചെയ്താൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിലെ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.ജില്ലാ പൊലീസ് പ്രത്യേക നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ രാത്രി 7 മണിക്ക് മുമ്പായി എല്ലാ ആഹ്ലാദ പ്രകടനങ്ങളും അവസാനിപ്പിക്കണം, ഡിജെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. അനിയന്ത്രിതമായ ആഘോഷങ്ങൾ ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷം നിലനിർത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.