
മലപ്പുറം: ചാലിയാർ പുഴയുടെ സ്വാഭാവിക ഒഴുക്കിന് ഭീഷണിയാകുന്ന തരത്തിൽ നടന്നു വന്ന അനധികൃത സ്വർണ്ണഖനനം നിലമ്പൂർ പൊലീസ് തടഞ്ഞു. മമ്പാട്, എടവണ്ണ ഭാഗങ്ങളിൽ പുഴയിൽ ആഴത്തിൽ കുഴിയെടുത്തും വമ്പൻ മോട്ടോറുകൾ ഉപയോഗിച്ചുമായിരുന്നു ഖനനം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.
മമ്പാട് ടൗൺ കടവ്, ക്വാറിക്കടവ് എന്നിവിടങ്ങളിൽ രാത്രി 10 മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. ഖനനത്തിനായി ഉപയോഗിച്ചിരുന്ന ഉയർന്ന പ്രവർത്തനശേഷിയുള്ള ആറ് മോട്ടോറുകൾ, മണ്ണുമാറ്റാനുള്ള പിക്കാസുകൾ, കൈക്കോട്ടുകൾ, കൊട്ടകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ്ണവില കുതിച്ചുയർന്നതോടെയാണ് പുഴ കേന്ദ്രീകരിച്ചുള്ള ഖനനം വ്യാപകമായത്. വലിയ കുഴികൾ നിർമ്മിച്ചുള്ള ഈ പ്രവർത്തനം പുഴയുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതിനൊപ്പം വൻ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
അനധികൃത ഖനനത്തിനെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പുഴയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഖനനം നടക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിലും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.