
കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ പൊതുറോഡിലൂടെ അപകടകരമാം വിധം ആഡംബര കാറുകളില്‍ സഞ്ചരിച്ചത്. റീല്‍സ് ചിത്രീകരിക്കുന്നതിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. കാറുകളുടെ മുകളിലും ബോണറ്റിലും കയറി നിന്നും, ഡോര്‍ തുറന്നു പിടിച്ചും, നിര്‍ത്താതെ ഹോണ്‍ മുഴക്കിയും അഭ്യാസപ്രകടനങ്ങൾ നടത്തി. ഇതുവഴി വന്ന മറ്റുവാഹനങ്ങള്‍ക്ക് ഇവർ സൈഡ് നൽകിയിരുന്നില്ല. ഉപയോഗിച്ച ഒമ്പത് കാറുകളില്‍ നാലെണ്ണം അധികൃതര്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന ദിനു അദ്‌നാന്‍, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്‌ലാല്‍ റോഷന്‍ എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറുകളുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി.