കരിക്കോട് ടികെഎം ആർട്ട്സ് ആൻറ് സയൻസ് കോളേജിന് സമീപമുള്ള ഒരു വീട്ടിൽ സബ്-ഇൻസ്പെക്ടർ അമ്പരീഷും, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുണും, മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്‌തിയിൽ അപ്രതീക്ഷിതമായി കയറിച്ചെന്നു. ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. അവിടേക്കെത്തിയ സിനിലാൽ, ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. ശേഷം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും, പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖ കാണിക്കാൻ തയ്യാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്റേയും നിയമലംഘനത്തിൻറെയും ഭാഗമാണെന്നും സ്വകാര്യ അന്യായത്തിൽ പറയുന്നു.