
തിരുവനന്തപുരം: സ്കൂളിൽ ക്ലാസ് നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിൽ പതിവുപോലെ ക്ലാസ് മുറിയിൽ അധ്യയനം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
വിദ്യാർത്ഥികളിൽ ഒരാൾ സ്കൂളിലേക്ക് കൊണ്ടുവന്ന ഏതോ പൗഡർ അബദ്ധത്തിൽ മറ്റ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഏത് തരത്തിലുള്ള പൗഡറാണ് ഇതെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ വ്യക്തത വരൂ. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഉടൻ തന്നെ സ്കൂൾ അധികൃതർ ഇടപെടുകയും ഒമ്പത് വിദ്യാർത്ഥികളെയും പേരൂർക്കടയിലുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നിലവിൽ കുട്ടികളിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരും വട്ടപ്പാറ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.