ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചാണ് ദേവസ്വം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം പുതുതായി ആവിഷ്കരിച്ച ഫെയ്സ് ആപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് വെർച്വല്‍ ക്യൂ ഒരുക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. അപേക്ഷിച്ചവരില്‍ നിന്ന് ഏറ്റവും മികച്ച ഏജൻസിയെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തില്‍ അത്യാധുനിക ക്യൂ കോംപ്ലക്‌സ് യാഥാർത്ഥ്യമാകുന്നതു വരെയാണ് ഈ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നിലവില്‍ ക്ഷേത്രത്തിനുള്ളില്‍ ദർശനത്തിനായി ഉപയോഗിക്കുന്ന ഫ്ലൈ ഓവർ മാറ്റി, പ്രായമായവർക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാൻ സാധിക്കുന്ന പുതിയ ഫ്ലൈ ഓവർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി സുരക്ഷിതമായ ഡിജി ലോക്കർ സംവിധാനം ഏർപ്പെടുത്തും.
നവീകരണം പൂർത്തിയായ കൗസ്തുഭം റസ്റ്റ്ഹൗസ് അടുത്ത മാസം ഭക്തർക്കായി തുറന്നുകൊടുക്കും. ക്ഷേത്ര വികസനത്തിന് കൂടുതല്‍ ഭൂമി ആവശ്യമാണെന്നും എന്നാല്‍ ഇതിനായി ഭൂമി നഷ്ടപ്പെടുന്ന പ്രാദേശികവാസികളുടെ ആശങ്കകള്‍ പരിഹരിക്കാൻ പത്തു ദിവസത്തിനുള്ളില്‍ അവരുമായി നേരിട്ട് ചർച്ച നടത്തുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, എം.യു. ഷിനിജ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.