
മലപ്പുറം: ഇൻഡ്യാ മുന്നണിയിലെ കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെയും സങ്കുചിത രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുള്ളതുകൊണ്ടല്ലെന്നും, മറിച്ച് ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാൻ വേണ്ടി മാത്രമാണെന്നും പിണറായി വിജയൻ മലപ്പുറത്ത് വ്യക്തമാക്കി. ഇൻഡ്യാ മുന്നണിയുടെ രൂപീകരണത്തിൽ ഇടതുപക്ഷം വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇൻഡ്യാ മുന്നണിയുടെ തുടക്കം മുതൽക്കേ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇൻഡ്യാ മുന്നണിക്ക് രൂപം കൊടുത്തത്. ആ തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ല. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതാക്കാൻ കഴിഞ്ഞത് ഇൻഡ്യാ മുന്നണി കാരണമാണ്. ശക്തമായ ഒരു പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാൻ ഈ മുന്നണി സഹായിച്ചു. എന്നാൽ, നിലവിൽ ഇൻഡ്യാ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് തങ്ങളുടെ സങ്കുചിത താല്പര്യം വെച്ച് കളിച്ചപ്പോഴൊക്കെ ബിജെപിക്കാണ് അധികാരം ലഭിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യസഭാംഗമായിരുന്ന കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ വന്ന സാഹചര്യത്തെയും പിണറായി വിജയൻ വിമർശിച്ചു. ആ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് കോൺഗ്രസിന് കൃത്യമായി അറിയാമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ബിജെപിയെ എതിർക്കുന്ന നേതാക്കളെ കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടിയപ്പോൾ അതിന് കൂട്ടുനിന്നത് കോൺഗ്രസാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കെതിരെ പരാതി കൊടുത്തത് കോൺഗ്രസാണ്. കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ കോൺഗ്രസുകാർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണുണ്ടായതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ കാര്യത്തിലും സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യമാണ് കോൺഗ്രസ് കാണിച്ചതെന്നും, പരസ്പര ചർച്ചകൾ ഒന്നുമില്ലാതെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ മുന്നണി മാറിയതെന്നും പിണറായി വിജയൻ ആരോപിച്ചു. ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ കോൺഗ്രസ് നിരന്തരം വിള്ളൽ വീഴ്ത്തുകയാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.