സിഎംആർഎൽ – എക്സാലോജിക് കേസ്…. ശശിധരൻ കർത്തയുടെ ഭാര്യയും മകനും ഇ.ഡിക്ക് മുന്നിൽ… കൊച്ചിയിൽ ചോദ്യം ചെയ്യൽ തുടരുന്നു





കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊർജ്ജിതമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയും, ഭാര്യ ജയ എസ് കർത്തയും ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്.

സിഎംആർഎല്ലിന്റെ നിർണായക ചുമതലകൾ വഹിക്കുന്ന വ്യക്തിയാണ് ശരൺ എസ് കർത്ത. കേസിൽ ഇ.ഡി അന്വേഷിക്കുന്ന ‘എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ എസ് കർത്ത. മുൻപ് പലതവണ നോട്ടീസ് നൽകിയിട്ടും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശശിധരൻ കർത്തയും കുടുംബവും ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണ സ്രോതസ്സുകളെക്കുറിച്ചും, കൺസൾട്ടൻസി കരാറുകളുടെ മറവിൽ നടന്ന പണമിടപാടുകളെക്കുറിച്ചും വ്യക്തത വരുത്താനാണ് ഇ.ഡിയുടെ ശ്രമം. ഇവരിൽ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
Previous Post Next Post