ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.