സംസ്ഥാനത്ത് ഷിഗെല്ല ഭീതി... കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു...





കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ഷിഗെല്ല രോഗബാധയെ തുടർന്ന് വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയും (നാലര വയസ്സ്) ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച ഒരു സ്ത്രീക്കും നേരത്തെ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരനും ഒൻപത് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ പയ്യോളിയിലെ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല രോഗബാധയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയതോടെ ഇതൊരു അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെ യുമാണ് ഈ രോഗം പകരുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. എന്നാൽ എല്ലാ രോഗികളിലും ഒരേ ലക്ഷണങ്ങൾ കാണണമെന്നില്ലെന്നും, ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Previous Post Next Post