സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന UDF സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല



സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് യുഡിഎഫ് സർക്കാർ തുരങ്കം വെയ്ക്കുകയാണെന്നും ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണെന്നും പിണറായി വിജയൻ പറഞ്ഞു.

‘ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപേ, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയത്. വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട സ്ത്രീകൾ നിർവഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ തയ്യാറായത്’, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി
Previous Post Next Post