കൊച്ചി: ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂർ പണം വാങ്ങി മുങ്ങുന്ന തട്ടിപ്പുസംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് രക്തം തേടുന്ന രോഗികളുടെ ബന്ധുക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. യാത്രാച്ചെലവിനും ഭക്ഷണച്ചെലവിനുമെന്ന പേരിൽ 1,000 രൂപ മുതലുള്ള തുക ഓൺലൈനായി വാങ്ങിയശേഷം ബന്ധം വിച്ഛേദിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
രക്തദാനവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് കൂട്ടായ്മകളിലും അംഗങ്ങളായി ചേർന്നാണ് തട്ടിപ്പുകാർ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തൃശൂർ കുന്നംകുളം സ്വദേശിയുടെ ബന്ധുവിൽ നിന്നാണ് ഏറ്റവും ഒടുവിൽ സമാനരീതിയിൽ പണം തട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാർ ആശുപത്രിയിലെത്തിയതായി ആദ്യം അറിയിക്കുകയും പിന്നീട് രോഗിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് സമയം നീട്ടുകയും ഒടുവിൽ ഫോൺ ഓഫാക്കി മുങ്ങുകയുമാണ് പതിവ്.
അമൃത ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിയാണെന്ന് പരിചയപ്പെടുത്തി ഒരു വാട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് സൈബർ പോലീസ് പരിശോധിച്ചുവരികയാണ്. രക്തദാനത്തിന്റെ പേരിൽ മുൻകൂർ പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുത്. ആശുപത്രികളുടെയോ അംഗീകൃത രക്തദാന സംഘടനകളുടെയോ സഹായം തേടുകയും സംശയാസ്പദമായ സമീപനങ്ങൾ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.