
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും വ്യാപകമായി വെള്ളത്തിനടിയിലായി. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ മേഖലകളിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 ക്യാമ്പുകളും കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
തലവടി, നെടുമ്പ്രം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ മുതൽ കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതിനെ തുടർന്ന് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകളും, തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും, അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടർന്ന് അച്ചൻകോവിലാറും പമ്പാനദിയും കരകവിഞ്ഞൊഴുകിയതോടെ കുട്ടനാടിന്റെയും അപ്പർകുട്ടനാടിന്റെയും ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. നദികളുടെ ചില ഭാഗങ്ങളിൽ ഏത് സമയവും കരകവിഞ്ഞൊഴുകാവുന്ന സാഹചര്യമാണ്.
നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രണ്ടാം കൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്കിടയിലും പുറംബണ്ടുകളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഗ്രാമീണ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതും എ.സി. കനാൽ പാലങ്ങൾക്കടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞുകൂടിയതും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഊർജിതമായി തുടരുകയാണ്