ഓഗസ്റ്റ് 13ന് വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
കുറുപ്പംപടിയിൽനിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് അയച്ചു. ഓഗസ്റ്റ് 18ന് സംഘം ഒഡിഷയിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
നബാഗൊച്ച നക്സൽ ബാധിത മേഖലയാണെന്നും രാത്രിയാത്ര പോലും അപകടസാധ്യതയുള്ളതാണെന്നും ബഞ്ചനഗർ പൊലീസ് അറിയിച്ചു. പകൽസമയത്ത് പൊലീസ് വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കുന്നതും പ്രായോഗികമല്ലായിരുന്നു. ഇതോടെയാണ് അർധരാത്രിയിൽ ദൗത്യം നടത്താൻ തീരുമാനിച്ചത്.
രാത്രി 12 മണിയോടെ പൊലീസ് സംഘം വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ചു. ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയെത്തിയപ്പോൾ വാഹനങ്ങൾ നിർത്തി. തുടർന്ന് കാട്ടിലൂടെ ഒറ്റനിരയായി നടന്ന് സംഘം ഗ്രാമത്തിലേക്ക് പ്രവേശിച്ചു.
കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വീടുകളിൽ ഏതാണ് അലോകിന്റെ വീടെന്ന് കണ്ടെത്തുന്നതും വെല്ലുവിളിയായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വീട് തിരിച്ചറിഞ്ഞ പൊലീസ് സംഘം അത് വളഞ്ഞു. ഇതിനിടെ സമീപവീടുകളിലുള്ളവർ ഉണർന്നതോടെ വാക്കുതർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചു.
തുടർന്ന് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തി സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.