
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് വൈകിട്ട് 4 മണിക്കും 4.30നും ഇടയിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.
സംസ്ഥാനത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 28 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം തുടരുന്നതിന്റെ സ്വാധീനവും മഴയ്ക്ക് കാരണമാകുന്നുണ്ട്. ഉത്രാട ദിനമായ നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
തിരുവോണ ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിരുവോണ ദിനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.