
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് ഒമ്പത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയില്‍. ഓപ്പറേഷൻ ഗ്രിപ്പിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
2017 ജനുവരി 24. കണ്ണൂര്‍ കെഎസ്ആര്‍ടിസിബസ് സ്റ്റാന്‍റിലെ കംഫര്‍ട് സ്റ്റേഷനില്‍ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനി കൊല്ലപ്പെടുന്നു. പൊതിച്ച തേങ്ങ തുണിയില്‍ പൊതിഞ്ഞ് അക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. അബ്ദുള്ളയും മറ്റൊരാളും ചേര്‍ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബ്ദുള്ളയെ തേടി പോലീസ് അലഞ്ഞു. കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. മംഗളൂരുവിലും കാസർകോടും പല പേരുകളില്‍ ഇയാള്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്‍ കൂടി സമാഹരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ മലപ്പുറം മുന്നിയൂരില്‍ വെച്ച് അന്വേഷണ സംഘം പിടികൂടിയത്. കമ്മീഷണര്‍ വിജയ ഭാരത റെഡ്ഡിയുടെ കീഴിലുളള പ്രത്യേക സ്ക്വാഡാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്