ഡാറ്റ ചോർത്തിയാൽ പണി കിട്ടും… അനുമതിയില്ലാതെ വിവരങ്ങൾ എടുത്താൽ കമ്പനികൾക്ക്….


കൊച്ചി: വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും ദുരുപയോഗവും തടയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (DPDP) ആക്ട്-2023 പ്രകാരം കർശന വ്യവസ്ഥകൾ ഘട്ടംഘട്ടമായി പ്രാബല്യത്തിൽ വരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. തങ്ങൾ നൽകിയ സമ്മതത്തിന് വിരുദ്ധമായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചെന്ന പരാതിയുള്ളവർക്ക് ബന്ധപ്പെട്ട സ്ഥാപനത്തിലോ ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലോ പരാതി നൽകാം. പരാതി ലഭിച്ചാൽ 90 ദിവസത്തിനകം തുടർനടപടി സ്വീകരിക്കണമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

Government

മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ ശേഖരിക്കുന്ന പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, താമസ വിലാസം, ബാങ്ക് വിവരങ്ങൾ തുടങ്ങി വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ദുരുപയോഗം തടയാനും കമ്പനികളെ നിയമം ബാധ്യസ്ഥരാക്കുന്നു. സൈബർ സുരക്ഷാ വിദഗ്ധരും ഡിപിഡിപി അംഗീകൃത കൺസൾട്ടന്റുകളുമായ അനീഷ് പന്തലാനിയും അജയൻ ആർയും ഇക്കാര്യം വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് ഏത് സ്ഥാപനവും ഉപയോക്താവിൽ നിന്ന് ലളിതവും വ്യക്തവുമായ ഭാഷയിൽ സമ്മതം വാങ്ങണം. കൂടാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ അനുമതി നിർബന്ധമാണ്. നിയമത്തിലെ പ്രധാന വ്യവസ്ഥകളും ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളും ഇതിനകം നിലവിൽ വന്നിട്ടുണ്ട്. രണ്ടാം ഘട്ടം നവംബർ 18-ന് നടപ്പാകും. നിയമം അടുത്ത വർഷം മേയ് 13-ന് പൂർണമായി പ്രാബല്യത്തിൽ വരുന്നതോടെ നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്താനുള്ള സമ്പൂർണ അധികാരം ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിന് ലഭിക്കും.

Previous Post Next Post