
ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് കാഷ്വാലിറ്റിയിൽ ഡോക്ടർമാരുടെ കുറവിനെതിരെ രോഗികൾ പരാതി ഉന്നയിച്ചത്. മണിക്കൂറുകളോളം കാഷ്വാലിറ്റിയിൽ കാത്തുനിന്നിട്ടും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് രോഗികളുടെ ആരോപണം. പനിയും പനിയെ തുടർന്നുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടിയെ കാഷ്വാലിറ്റിയിൽ ചികിത്സിക്കാതെ പറഞ്ഞയച്ചെന്നും പരാതിയുണ്ട്. തുടർന്ന് കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രി കെ. മുരളീധരൻ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നതിനിടെയാണ് സംഭവം. എന്നാൽ ചികിത്സാനിഷേധം സംബന്ധിച്ച പരാതിയിൽ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല. സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി വാഹനത്തിൽ കയറി മടങ്ങി. അതേസമയം, ഇടുക്കി ജില്ലാ ആശുപത്രിക്ക് പുറത്ത് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ‘ആര് എതിർത്താലും അന്നം മുടക്കില്ല’ എന്ന ഫ്ലക്സുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോറ് വിതരണം നടത്തിയത്. ആശുപത്രിയിലെ ചികിത്സാനിഷേധത്തിൽ പ്രതിഷേധിച്ചാണ് പരിപാടിയെന്ന് പ്രവർത്തകർ വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു. പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് വിവരം. അതേസമയം, ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് ഇടുക്കി ഡിഎംഒ ഡോ. ഐപ്പ് ജോസഫ് സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒപി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണ് കാഷ്വാലിറ്റി പ്രവർത്തിക്കുന്നതെന്നും ഡിഎംഒ വ്യക്തമാക്കി