തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു



        

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് ഇന്ന് പുലർച്ചെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇതോടെ ഷോക്കേറ്റ് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രാധികയുടെ ഭർതൃമാതാവ് ശാരദ കഴിഞ്ഞ ശനിയാഴ്ച ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ 24-നാണ് അപകടം നടന്നത്. തുണി കഴുകി അഴയിൽ വിരിക്കുന്നതിനിടെ ശാരദയ്ക്ക് ഷോക്കേറ്റു താഴെ വീഴുകയായിരുന്നു. ഇത് കണ്ട മരുമകൾ രാധിക രക്ഷിക്കാനായി പിടിച്ചപ്പോൾ അവർക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിന്നാലെ രാധികയെ രക്ഷിക്കാൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ശാരദയെയും രാധികയെയും ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡ്ഡിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. ഈ കണക്ഷനിൽ നിന്നുള്ള വൈദ്യുതി ഇരുമ്പ് കഴുക്കോലിലൂടെയും അതിൽ കെട്ടിയിരുന്ന ഇരുമ്പ് അഴയിലൂടെയും പ്രവഹിച്ചതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

Previous Post Next Post