ഒട്ടേറെ പേർക്ക് ജോലി വാങ്ങിക്കൊടുത്തിട്ടുള്ള ദമ്പതികളെക്കുറിച്ച് ബന്ധുവിൽനിന്ന് അറിഞ്ഞതോടെയാണ് ആതിര ഇവരെ സമീപിച്ചത്. 2025 ജനുവരിയിലാണ് തൃക്കരിപ്പൂർ തലിച്ചാലത്ത് വച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ജോലി സീറ്റ് ഉറപ്പിക്കാനെന്ന പേരിൽ ജനുവരി 11ന് 3.5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചുനൽകി. തുടർന്ന് നിയമന നടപടികൾക്കെന്ന പേരിൽ അതേദിവസം തന്നെ ആറുലക്ഷം രൂപ കൂടി വാങ്ങിയെന്നാണ് പരാതി. ജനുവരി 17ന് മധുരയിൽ നടന്നുവെന്ന് പറയുന്ന വൈദ്യപരിശോധനയ്ക്കായും ആറുലക്ഷം രൂപ വീണ്ടും കൈപ്പറ്റി. വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നതിനായി സംഘം റെയിൽവേ ഡിവിഷനൽ ഓഫീസറെന്ന പേരിൽ ഒരാളെ ആതിരയുടെ മുന്നിൽ അവതരിപ്പിച്ചതായും പരാതിയിലുണ്ട്.
വൈദ്യപരിശോധനയ്ക്ക് ശേഷമുള്ള ഇന്റർവ്യൂ, പരിശീലനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇയാൾ വിശദീകരിച്ച തോടെ യുവതിയുടെ വിശ്വാസം വർധിച്ചു. നാട്ടിലെത്തിയശേഷം പരിശീലനത്തിനെന്ന പേരിൽ 40,000 രൂപ കൂടി അയച്ചുനൽകി. തുടർന്നുള്ള രണ്ട് മാസത്തിനിടെ യുവതിയെ വിശ്വസിപ്പിക്കുന്നതിനായി നിരവധി വ്യാജരേഖകളും സംഘം അയച്ചുനൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പരിശീലനം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ആതിരയ്ക്ക് സംശയം തോന്നിയത്. റെയിൽവേയുടെ ഭാഗത്തുനിന്ന് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് ഇത്തരത്തിലുള്ള നിയമന നടപടികളൊന്നും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും 15.90 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് യുവതി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. സംഘം ഇതിന് മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി നീലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബു അറിയിച്ചു.