തിരുവനന്തപുരം : പ്രവർത്തനരീതിയിൽ സമൂല മാറ്റത്തിന് സി.പി.എം ഒരുങ്ങുന്നു. ‘പാറ്റ’ സമരമുൾപ്പെടെയുള്ള സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുടെ നിലവിലെ അവസ്ഥയും വിലയിരുത്തിയാണ് പുതിയ നീക്കം. സെപ്റ്റംബറിൽ കോഴിക്കോട്ട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച കർമപരിപാടിക്ക് രൂപം നൽകും. പരമ്പരാഗത സമര-സംഘടനാ രീതികളിൽ മാറ്റം വരുത്തണമെന്നതാണ് പാർട്ടിക്കുള്ളിലെ പ്രധാന വിലയിരുത്തൽ. പുതുതലമുറയെ കൂടുതൽ ആകർഷിക്കുന്ന തരത്തിൽ പാർട്ടിയുടെ പ്രവർത്തനവും സമരപ്രചാരണ രീതികളും പരിഷ്കരിക്കണമെന്നാണ് നിർദേശം.
നിലവിൽ പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും അംഗങ്ങൾ മാത്രമാണ് പല സമരങ്ങളിലും സജീവമായി പങ്കെടുക്കുന്നതെന്നാണ് വിലയിരുത്തൽ. സമരം ഉയർത്തുന്ന വിഷയങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ തന്നെ പലപ്പോഴും സമരരംഗത്തേക്ക് എത്തുന്നില്ല. സമരങ്ങൾ കൂടുതൽ ജനകീയമാക്കണമെങ്കിൽ പാർട്ടിയുടെ സമീപനത്തിലും പ്രവർത്തനരീതിയിലും മാറ്റം അനിവാര്യമാണെന്നാണ് ചർച്ചകളിൽ ഉയർന്ന അഭിപ്രായം.