
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ് തീരുമാനം. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന കേന്ദ്രസർക്കാരിന്റെ മറുപടി പുറത്തുവന്നതോടെയാണ് ലീഗ് നിലപാട് കടുപ്പിക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വരുന്ന യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ വിഷയത്തിലെ നിലപാട് വ്യക്തമാക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ടുപോയാൽ അണികൾക്കിടയിലും കടുത്ത അതൃപ്തിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിന്റെ ഇടപെടൽ സിലബസിൽ ഉണ്ടായാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ പരസ്യ പ്രതികരണം നടത്തി കൂടുതൽ വിവാദം സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ്. പിഎം ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു നേരത്തെ യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിക്കായി ഇരുന്നൂറോളം സ്‌കൂളുകളെ തിരഞ്ഞെടുക്കാനായിരുന്നു ആലോചന.
എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന ലീഗ് നേതാക്കൾക്കെതിരെ പിന്നീട് ശക്തമായ വിമർശനവും ഉയർന്നിരുന്നു. അതേസമയം, പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും കേന്ദ്രം അറിയിച്ചു. ധാരണാപത്രത്തിൽ ഒപ്പിട്ടതിന് ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൽ വഹാബിന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി