കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും മദ്യപസംഘം മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ സുഹൃത്തുമായി ആശുപത്രിയിലെത്തിയ സംഘമാണ് അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ ആക്രമിച്ചതെന്നാണ് പരാതി.
നഴ്സിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും നടുവിന് ചവിട്ടി വീഴ്ത്തുകയും ചെയ്തതായി പറയുന്നു. ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം മർദിച്ചു. പരുക്കേറ്റ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ ഉന്നയിച്ചു.