തൃശൂർ: പൊലീസ് വാഹനം തടഞ്ഞുനിർത്തി പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ടിവി ബിജുവിന് നിർബന്ധിത പരിശീലനം. തൃശൂർ പൊലീസ് ട്രെയിനിങ് കോളജിൽ രണ്ടാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനാണ് വകുപ്പ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ജീപ്പ് തടഞ്ഞുനിർത്തി പിഴയിട്ട സംഭവത്തിന് പിന്നാലെ ബിജുവിനെ ഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് തൃശൂർ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നിർബന്ധിത പരിശീലനത്തിനും ഉത്തരവായത്. വടക്കാഞ്ചേരിയിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ 4,000 രൂപ പിഴയിട്ടത് വലിയ വിവാദമായിരുന്നു. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് സാധുവായ ഇൻഷുറൻസ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് എംവിഐക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വകുപ്പ് തല നടപടികൾ തുടരുന്നതിനിടെയാണ് ടിവി ബിജുവിന് രണ്ടാഴ്ചത്തെ നിർബന്ധിത പരിശീലനം നൽകാനുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്