സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ. സുരക്ഷ ഒരുക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. പ്രധാന പെരുന്നാൾ ദിവസങ്ങളായ സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. വനിതാ പോലീസിൻറെ പ്രാതിനിധ്യം വർധിപ്പിക്കും. ഷാഡോ പോലീസിനെയും നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ സജ്ജമാക്കും.
പെരുന്നാൾ ആരംഭിക്കുന്നതിനു മുമ്പേതന്നെ എക്‌സൈിൻറെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. പോലീസുമായി ചേർന്ന് സംയുക്ത പരിശോധനയുമുണ്ടാകും. വൈദ്യുതി തടസരഹിതമായി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി. ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഫയർഫോഴ്‌സ് യൂണിറ്റിൻറെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിൻറെ സേവനവും ഏർപ്പെടുത്തും.
മേഖലയിലെ മാലിന്യനീക്കത്തിനു ശുചിത്വമിഷനുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. കടകളിൽ അമിതവില ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കും. കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും പ്രത്യേകമായി 10 സർവീസുകൾ വീതം നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകി.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി, കോട്ടയം ആർ.ഡി.ഒ. നിജു കുര്യൻ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ ജോൺസൺ, ജില്ലാ സപ്ളൈ ഓഫീസർ ജി.എസ്. സന്തോഷ്‌കുമാർ, അഗ്‌നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, തഹസീൽദാർമാരായ സിറിൽ സഞ്ജു ജോർജ്, ജി. രാജീവ്, മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയെ പ്രതിനിധീകരിച്ച് സഹവികാരി ഫാദർ ലിറ്റു ജേക്കബ്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ്, ബിജു വർഗീസ്, സെക്രട്ടറി തോമസ് ഉമ്മൻ എന്നിവർ പങ്കെടുത്തു.