മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനും ഇനി പിടിവീഴും? കേരളത്തിൽ പുതിയ നിയമത്തിന് കരട് ബിൽ...


തിരുവനന്തപുരം : മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ കേരളത്തിൽ നിയമനിർമാണത്തിന് വഴിയൊരുങ്ങുന്നു. ഇത്തരം പ്രവൃത്തികൾ തടയുന്നതിനുള്ള നിർദേശങ്ങളടങ്ങിയ വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ടും കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു.

അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ വിശ്വസിപ്പിക്കുകയും അതുവഴി പണം തട്ടുകയോ ഭീഷണിപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന പ്രവൃത്തികൾക്കെതിരെ നിയമത്തിന്റെ പരിധിയിൽ നടപടി ഉറപ്പാക്കാനാണ് നിർദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ശാരീരിക, മാനസിക, സാമ്പത്തിക ദോഷങ്ങൾക്ക് ഇടയാക്കുന്ന ഇത്തരം പ്രവൃത്തികൾക്കും നിയന്ത്രണം കൊണ്ടുവരും.

ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. നിലവിലുള്ള നിയമങ്ങളിലെ പരിമിതികൾ പരിശോധിച്ച സമിതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിയമങ്ങളും പഠിച്ചു. സാമൂഹികവും നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങൾ വിലയിരുത്തിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ കരട് തയ്യാറാക്കിയത്.

അതേസമയം, മതവിശ്വാസങ്ങളെയും നിയമപരമായ ആചാരങ്ങളെയും ബാധിക്കാത്ത തരത്തിലാണ് ബില്ലിലെ വ്യവസ്ഥകൾ. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ഹാനികരമായ അന്ധവിശ്വാസ പ്രവർത്തനങ്ങൾക്ക് തടയിടുകയാണ് നിയമത്തിന്റെ ലക്ഷ്യം.

പൊതുജനങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമ കരട് തയ്യാറാക്കിയിരിക്കുന്നത്. മുൻ ജില്ലാ ജഡ്ജി കെ. ശശിധരൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.
Previous Post Next Post