
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായ സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപണം ശക്തമാകുന്നു. കുഞ്ഞിന്റെ കൈയിലെ അണുബാധയും രക്തക്കുഴലുകളിലെ രക്തം കട്ടപിടിച്ചതും സംബന്ധിച്ച് പത്തോളജി ലാബ് റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. കുഞ്ഞിന്റെ ആരോഗ്യനില വഷളായത് ലുക്കീമിയ കാരണമല്ലെന്നും കൈയിലെ അണുബാധയ്ക്ക് ക്യാൻസറുമായി ബന്ധമില്ലെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ഒൻപത് മാസം പ്രായമുള്ള വിധാൻ വിഷ്ണുവിന്റെ മാതാപിതാക്കളാണ് ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തെത്തിയത്.
കുഞ്ഞിന് ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്ന് കീമോതെറാപ്പിക്കായാണ് തിരുവനന്തപുരം ആർസിസിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് മാതാപിതാക്കളുടെ പരാതി. അണുവിമുക്തമാക്കാതെ കൈയിൽ കാനുല സ്ഥാപിച്ചെന്നും പിന്നീട് നീരുവന്ന അതേ കൈയിൽ രക്തസമ്മർദ്ദ പരിശോധന നടത്തിയെന്നും അവർ ആരോപിക്കുന്നു. തുടർന്ന് കുഞ്ഞിന്റെ കൈയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. കൈയിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും രക്തകോശങ്ങളെ ബാധിക്കുകയും ചെയ്തതായി പത്തോളജി ലാബ് റിപ്പോർട്ടിൽ കണ്ടെത്തിയെന്നാണ് വിവരം. ഇത് അണുബാധയ്ക്ക് കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നതായാണ് മാതാപിതാക്കളുടെ വിശദീകരണം.
കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പിതാവ് വിഷ്ണു വിജയൻ ആർസിസി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരുടെ അടിയന്തര ഇടപെടലുണ്ടായതെന്നും കൃത്യമായ ചികിത്സ ലഭിക്കാൻ ഒൻപത് ദിവസത്തോളം വൈകിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ചികിത്സാപ്പിഴവിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആർസിസി ഡയറക്ടർക്കും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതി പരിശോധിച്ചുവരികയാണെന്ന് ആർസിസി ഡയറക്ടർ വ്യക്തമാക്കി. കുഞ്ഞിന്റെ ആരോഗ്യനില ലുക്കീമിയ മൂലമുണ്ടായ മെഡിക്കൽ കണ്ടീഷൻ കാരണമാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്