ഭക്ഷണവിവാദത്തിലെ അധ്യാപകൻ നിലവിൽ കോൺഗ്രസുമായി ബന്ധമില്ല…. ജിന്റോ ജോൺ



കൊച്ചി: കേരള സ്കൂൾ കായികമേളയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട പുഴുവിവാദത്തിൽ സസ്പെൻഷനിലായ അധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസ് പ്രവർത്തകനാണെന്ന തരത്തിലുള്ള പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ജിജോയ്ക്ക് നിലവിൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്നും 2021ൽ പാർട്ടി വിട്ടതാണെന്നും ജിന്റോ വ്യക്തമാക്കി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജിജോ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെന്ന കാര്യം ജിന്റോ ജോൺ സ്ഥിരീകരിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളെത്തുടർന്നാണ് ജിജോ പാർട്ടി വിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കായികമേളയുടെ ഭക്ഷണത്തില്‍ പുഴുവിട്ട കായികാദ്ധ്യാപകന്‍ എന്ന അധമന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ആ റിബല്‍ സ്ഥാനാര്‍ത്ഥിയേയും കൂടെ പ്രവര്‍ത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. സിപിഎമ്മിന്റെ അന്നത്തെ ലോക്കല്‍ സെക്രട്ടറി ജോര്‍ജ്ജി ജോയിയുടെ നേതൃത്വത്തില്‍ അയാളെ ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഎമ്മിന്റെ കൂടെക്കൂട്ടി. കോണ്‍ഗ്രസ്സില്‍ ആയിരുന്നപ്പോള്‍ ഇയാള്‍ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ പക്ഷേ കോണ്‍ഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ല.

നിലവില്‍ കോണ്‍ഗ്രസിന്റേയോ കോണ്‍ഗ്രസ്സനുഭാവ അധ്യാപക സംഘടനയുടെ പ്രവര്‍ത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാത്ത, നിലവില്‍ പാര്‍ട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോണ്‍ഗ്രസ്സാക്കാന്‍ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവര്‍, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കള്‍ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ഈ വൃത്തികെട്ടവന്‍ കോണ്‍ഗ്രസ് ആയിരുന്നാലും ഇക്കാര്യത്തില്‍ അവനെതിരെ ആയിരിക്കും നിലപാട്. ടി കെ ഹംസയും, പി സരിനും, കെ പി അനില്‍കുമാറും, ലതിക സുഭാഷും, പി എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്റെ പാപഭാരം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ പോയ പ്രശാന്തിന്റെ മുന്‍പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പോസ്റ്റര്‍ വച്ച് ‘അയ്യേ കോണ്‍ഗ്രസ്സുകാരന്‍ പ്രശാന്ത് സ്വര്‍ണ്ണക്കൊള്ള നടത്തിയേ’ എന്ന് പറയില്ലല്ലോ

Previous Post Next Post