
പാലക്കാട്: അലനല്ലൂരിൽ പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറി റൂഫിലെത്തിയ രണ്ടുവയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി. എസ്റ്റേറ്റുംപടി പ്രദേശത്തെ പ്ലാസ്റ്റിക് കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുഞ്ഞിനെ കൃത്യസമയത്ത് കണ്ടെത്തി രക്ഷപ്പെടുത്തിയ നിർമ്മാണത്തൊഴിലാളി ശിഹാബുദ്ദീന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അലനല്ലൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലുള്ള പ്ലാസ്റ്റിക് കമ്പനിയിലായിരുന്നു സംഭവം.
ജോലി പൂർത്തിയാക്കി തൊഴിലാളികൾ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് രണ്ടുവയസുകാരിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് റൂമിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ കയറി കുട്ടി റൂഫിന് മുകളിലെത്തിയതായി കണ്ടെത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നിർമ്മാണത്തൊഴിലാളി ശിഹാബുദ്ദീൻ ഉടൻ ഇടപെടുകയായിരുന്നു. റൂഫിന് മുകളിൽ കയറി കുഞ്ഞിനെ സുരക്ഷിതമായി താഴെയിറക്കി. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽപ്പെട്ടതും ശിഹാബുദ്ദീന്റെ സമയോചിതമായ ഇടപെടലുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. തലനാരിഴയ്ക്കാണ് രണ്ടുവയസുകാരി വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ശിഹാബുദ്ദീന്റെ ഇടപെടലിന് അഭിനന്ദനങ്ങൾ ഉയരുകയാണ്