
തിരുവനന്തപുരം :
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ രുദ്രേഷിന്റെ എട്ട് അവയവങ്ങളാണ് ദാനത്തിന് സമ്മതിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിൽ ഹൃദയത്തിന് ചെറിയ പ്രശ്നം കണ്ടെത്തിയതോടെ ഹൃദയം ദാനം ചെയ്യാനായില്ല. ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള രുദ്രേഷിന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്കാണ് നൽകുന്നത്. വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മറ്റൊരു വൃക്കയും പാൻക്രിയാസും കരളും കൊച്ചിയിലെ കിംസ് ആശുപത്രിയിലേക്കുമാണ് നൽകുന്നത്. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് കൈമാറും.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്ത് രുദ്രേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. സുഹൃത്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുദ്രേഷിന്റെ മസ്തിഷ്കമരണം ഇന്നലെ സ്ഥിരീകരിച്ചു.
സുരേഷ് ബി. – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. പതിനേഴാം വയസിൽ ജീവിതം അവസാനിച്ചെങ്കിലും അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷ പകരുകയാണ് രുദ്രേഷ്.