അരമണിക്കൂറിൽ 68 മില്ലിമീറ്റർ മഴ… വെള്ളത്തിലായി തലസ്ഥാനം








തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ രൂക്ഷമായ വെള്ളക്കെട്ട്. തമ്പാനൂർ, വഞ്ചിയൂർ, കിഴക്കേക്കോട്ട മേഖലകളിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. റോഡുകളിൽ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലും കിഴക്കേക്കോട്ടയിലും അരമണിക്കൂറിനിടെ 68 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. അതേസമയം, മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണമായി പരാജയപ്പെട്ടെന്ന് വിമർശനം. വെള്ളക്കെട്ടിന്റെ പൂർണ ഉത്തരവാദിത്വം കോർപ്പറേഷനാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തത്തോടെ നടത്തേണ്ടതാണ്. പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ, ദേശീയപാത വിഭാഗം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഓടകളാണ് നഗരത്തിലുള്ളത്. ഇവയെല്ലാം വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. എന്നാൽ ഇത്തവണ മഴ പെയ്താൽ ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികളൊന്നും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും വി. ശിവൻകുട്ടി ആരോപിച്ചു
Previous Post Next Post