മലയാള സിനിമയിലെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പാണ്ഡ്യന്‍ (74) അന്തരിച്ചു


ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്‍.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ പാണ്ഡ്യന്‍ നിര്‍ണായക പങ്കുവഹിച്ചു. 2001ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ മേക്കപ്പിന് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഹൃദയപൂര്‍വം' ആണ് അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രമായ 'കുറുക്കന്റെ കല്യാണം' മുതല്‍ അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു പാണ്ഡ്യന്‍.

ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് പാണ്ഡ്യന്‍ വിശ്രമത്തിലായിരുന്നപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ 'മനസ്സിനക്കരെ'യുടെ ചിത്രീകരണം സത്യന്‍ അന്തിക്കാട് നീട്ടിവച്ചത് സിനിമാലോകത്ത് വാര്‍ത്തയായിരുന്നു. പാണ്ഡ്യനോടുള്ള സംവിധായകന്റെ അടുപ്പവും കരുതലും വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി.
തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്‍ 16-ാം വയസ്സിലാണ് സിനിമാരംഗത്തെത്തിയത്. നടന്‍ സത്യന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന കൃഷ്ണരാജിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് കെ.വി. ഭാസ്‌കരന്‍, എം.ഒ. ദേവസ്യ, ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

1972ല്‍ പുറത്തിറങ്ങിയ 'പുള്ളിമാന്‍' എന്ന ചിത്രത്തിലൂടെ മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് ജെ. വില്യംസിന്റെ സംവിധാനത്തില്‍ 1978ല്‍ പുറത്തിറങ്ങിയ 'മദാലസ'യിലൂടെ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി. തമിഴിലും അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
'യോദ്ധ', 'ആറാം തമ്പുരാന്‍', 'ഭാഗ്യദേവത', 'അലിഭായ്', 'ബ്ലാക്ക്', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.
ലക്ഷ്മിയാണ് ഭാര്യ. അനിത, തന്നുയ എന്നിവരാണ് മക്കള്‍.


Previous Post Next Post