മുന്നറിയിപ്പായി പുകയുടെ ഗന്ധം; ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം…


കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായി കത്തിനശിച്ചു. ഹൈദരാബാദിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ കാറിലാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശിയായ ഡ്രൈവറും എറണാകുളം സ്വദേശികളായ ദമ്പതിമാരുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഹൈദരാബാദിൽ നിന്നും എത്തിയ ഇവർ ടാക്സി കാറിൽ മൂന്നാറിന് പോകുന്നതിനിടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് തീ പിടിച്ചത്. ഡ്രൈവറുടെ സീറ്റിന് സമീപത്തു നിന്നും പുകയുടെ ഗന്ധം വന്നതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു.

*അപ്പോഴാണ് ഡ്രൈവർ വാഹനത്തിൽ തീ കണ്ടത്. ഉടൻതന്നെ ദമ്പതിമാരെ സുരക്ഷിതരായി പുറത്തിറക്കി. അവരുടെ ബാഗുകളും അനുബന്ധ സാധനങ്ങളും വാഹനത്തിൽ നിന്നും എടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ വാഹനം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു.
Previous Post Next Post