രാജസ്ഥാനിലെ ജയ്പൂരിൽ, വീട്ടിൽ തയ്യാറാക്കിയ നൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസ്സുകാരി മരിച്ചു. ഇതൊരു ഭക്ഷ്യവിഷബാധ കേസായിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. നവംബർ 19-നാണ് സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പിഹു കുമാവത്, ദിവ്യാംശി എന്നീ സഹോദരിമാർ ചേർന്ന് നൂഡിൽസ് പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഇരുവരും ഉറങ്ങിപ്പോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ അമ്മ വീട്ടിലെത്തിയപ്പോൾ, മൂത്ത സഹോദരിയായ ദിവ്യാംശി അസ്വസ്ഥതയോടെ ഉണർന്നു. എന്നാൽ പിഹു അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർമാരാണ് പിഹു മരിച്ചതായി സ്ഥിരീകരിച്ചത്.

കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണമെന്നും ഇവർ കഴിച്ച നൂഡിൽസിന്റെ സാംപിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ സഹോദരനും അസുഖ ബാധിതനായി രണ്ടുമാസമായി ചികിൽസയിലാണെന്ന് പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയാണെന്ന് സൂചന ലഭിച്ചെങ്കിലും, മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ.