കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കർശനമായി തടയണമെന്നും സമസ്ത എ.പി വിഭാഗം മുഖപത്രമായ സിറാജ്. എക്സൈസ് വകുപ്പിൽ വകുപ്പ് മന്ത്രിയും സർക്കാരും അറിയാതെയുള്ള തീരുമാനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുഖപത്രം സർക്കാരിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥർ സ്വയം സർക്കാരായി ചമയുന്നുവെന്നും. മദ്യനയവും ബാർ ലൈസൻസുകളും നൽകുന്നതിൽ വകുപ്പ് മേധാവിയായ എക്സൈസ് കമ്മീഷണറെ പോലും ഇരുട്ടിൽ നിർത്തി കീഴുദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്നുവെന്നും, മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്യുന്നത് വൻ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നുവന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക നടപടികളും സാമ്പത്തിക ഇടപാടുകളും വകുപ്പ് മന്ത്രിക്കുപോലും വാർത്താസമ്മേളനത്തിൽ തുറന്നുപറയേണ്ടിവന്നു. മദ്യനയവും ബാർ ലൈസൻസും ഏതൊരു സംസ്ഥാനത്തിന്റെയും സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളാണെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.
സർക്കാരിന്റെ വ്യക്തമായ മാർഗനിർദേശങ്ങൾക്കും നയരൂപവത്കരണത്തിനും വിധേയമായി മാത്രം നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ നയരൂപവത്കരണം നടത്തേണ്ടതും ഭരണപരമായ തീരുമാനങ്ങൾ എടുക്കേണ്ടതും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറാണ്. സർക്കാർ പദ്ധതികൾ നടപ്പാക്കാൻ ചുമതലപ്പെട്ട ഒരു ഭരണനിർവഹണ ഉപാധി മാത്രമാണ് ഉദ്യോഗസ്ഥർ. എന്നാൽ, ഇതിന് വിപരീതമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനങ്ങളെ മറികടക്കുന്ന പ്രവണത കർശനമായി തടയണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.