തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്തുണ്ടായ അഴിച്ചുപണി സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി കെ. മുരളീധരൻ. ഭരണമാറ്റങ്ങളുടെ ഭാഗമായി ഇതൊക്കെ മാറിവരുമെന്നും ഇതിൽ യാതൊരു അത്ഭുതവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഐ.എ.എസ് അസോസിയേഷനുമായി ഇത്തരം കാര്യങ്ങളിൽ കൂടിയാലോചനകൾ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ അരവണ കരുതൽ ശേഖരത്തിനായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. റോഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നവീകരിച്ചു.


ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിപ റെംഡിസിവിർ വിവാദത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരോഗ്യവകുപ്പിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതത് വഴിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.എം.എസ്.സി.എൽ (KMSCL) ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കെ.എം.എസ്.സി.എൽ ബോർഡ് യോഗം ഉടൻ ചേരും. പഴയ സെക്രട്ടറി മാറി പുതിയ സെക്രട്ടറി വന്നു, എല്ലാ കാലത്തും നടക്കുന്ന പോലെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.എച്ച്.എം കരാർ ജീവനക്കാരെ പിരിച്ചുവിട്ടതല്ലെന്നും അവരുടെ കരാർ കാലാവധി അവസാനിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ന്യായമായ ആവശ്യങ്ങളുള്ള ജീവനക്കാരുടെ കാര്യങ്ങൾ അനുയോജ്യമായി പരിഗണിക്കും. പകരച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെയൊന്നും ഇത് ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി