ക്ലിഫ് ഹൗസിൽ കോടികളുടെ അനാവശ്യ ചെലവഴിക്കൽ ; പിണറായി വിജയന്റെ ഭരണകാലത്തെ ചെലവുകളുടെ രേഖകൾ പുറത്ത്



തിരുവനന്തപുരം :
ലിഫ്റ്റ് നിര്‍മ്മാണം, നീന്തല്‍ക്കുളം നവീകരണം, കാലിത്തൊഴുത്ത് പണി, ഇലക്ട്രിക്കല്‍ പണികള്‍ എന്നിവയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും കൈമാറിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പെരുവാ മുളക്കുളം സൗത്ത് സ്വദേശി എം.ടി. തോമസ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ നിന്ന് ശേഖരിച്ച ഔദ്യോഗിക രേഖകളിലാണ് ഈ വിവരങ്ങള്‍ വ്യക്തമാകുന്നത്.

മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റും അനുബന്ധ മുറിയും നിര്‍മ്മിക്കുന്നതിനായി മാത്രം 39,74,805 രൂപയാണ് മാറ്റി വെച്ചത്. ലിഫ്റ്റ് റൂം നിര്‍മ്മാണത്തിന് 16,29,462 രൂപയും ലിഫ്റ്റിനായുള്ള ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 1,40,104 രൂപയും ലിഫ്റ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനായി 22,05,239 രൂപയും ഉള്‍പ്പെടെയാണ് ഈ തുക കൈമാറിയത്. ക്ലിഫ് ഹൗസ് വളപ്പിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും പശുക്കളുടെ പരിപാലനത്തിനുമായി നടപ്പിലാക്കിയ പ്രവൃത്തികളിലും സമാനമായ രീതിയില്‍ ഉയര്‍ന്ന തുക കാണിച്ചിട്ടുണ്ട്.

തൊഴുത്തിന് അനുബന്ധമായി നിര്‍മ്മിച്ച ചാണകക്കുഴിക്ക് മാത്രം 2,99,329 രൂപയാണ് തുക കണക്കാക്കിയിട്ടുള്ളത്. ഇതിനായി സമര്‍പ്പിച്ച ക്വട്ടേഷനുകളില്‍ ജി.എസ്. സുരേഷ് കുമാര്‍ എന്ന കരാറുകാരന്റെ 2,99,329 രൂപയുടെ ക്വട്ടേഷനാണ് അംഗീകരിച്ചത്. കൂടാതെ, കാലിത്തൊഴുത്തിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി മാത്രം 3.68 ലക്ഷത്തോളം രൂപ വീണ്ടും അനുവദിച്ചു. ക്ലിഫ് ഹൗസിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള മറ്റ് വലിയ പ്രവൃത്തികള്‍ക്ക് 32.60 ലക്ഷത്തിലധികം രൂപയും മാറ്റി വെച്ചിരുന്നു.


ക്ലിഫ് ഹൗസിലെ ഇലക്ട്രിക്കല്‍ നവീകരണ ജോലികളുടെ പേരില്‍ നടന്ന ചെലവഴിക്കലുകളും രേഖകളില്‍ വ്യക്തമാണ്. 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ മാത്രം ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 25,48,310 രൂപയാണ് പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം ചെലവിട്ടത്. കൂടാതെ, എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കുന്നതിനും തകരാറിലായവ മാറ്റിസ്ഥാപിക്കുന്നതിനുമായി എട്ട് ലക്ഷത്തിലധികം രൂപ വേറെയും ചെലവഴിച്ചു. ഗാര്‍ഡന്‍ ലൈറ്റുകള്‍ സ്ഥാപിച്ച ഇനത്തില്‍ 7.26 ലക്ഷം രൂപയും ജനറേറ്റര്‍ സെറ്റിനായി 14.18 ലക്ഷം രൂപയും ചെലവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.




ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിച്ച കരാര്‍ നടപടികളിലും ഗുരുതര വിഷയങ്ങള്‍ നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. നീന്തല്‍ക്കുളം നവീകരണത്തിനായി 18.10 ലക്ഷം രൂപയും അതിന്റെ പ്ലാന്റ് റൂം, റൂഫ് ട്രസ് എന്നിവയ്ക്കായി 8 ലക്ഷം രൂപയും ഉള്‍പ്പെടെ 26.10 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഫോണില്‍ നേരിട്ട് വിളിച്ചു നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കരാര്‍ കൈമാറിയതെന്ന് അന്നത്തെ ടൂറിസം ഡയറക്ടറുടെ നടപടിക്രമങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഓഫീസ് നടപടിക്രമങ്ങള്‍ പാലിക്കാതെയും തടസ്സമില്ലാത്ത വിതരണത്തിന് പൊതു ടെന്‍ഡര്‍ വിളിക്കാതെയും ഫോണ്‍ വിളിയില്‍ കരാര്‍ ഉറപ്പിച്ച അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആരാണെന്ന കാര്യം ഇതുവരെയും ടൂറിസം വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ നീന്തല്‍ക്കുളം പരിപാലിക്കുന്നതിനായി 12,48,205 രൂപ വേറെയും ചെലവിട്ടു. ആകെ 38,58,202 രൂപയാണ് നീന്തല്‍ക്കുളത്തിന് മാത്രമായി ഇതിനകം ഖജനാവില്‍ നിന്ന് മാറ്റിവെച്ചത്.

ഇതിന് പുറമെയാണ് ഷാര്‍ജ സുല്‍ത്താന്റെ ക്ലിഫ് ഹൗസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രവൃത്തികള്‍. 2017 സെപ്റ്റംബറില്‍ ഷാര്‍ജ സുല്‍ത്താന്റെ വരവിനോടനുബന്ധിച്ച് ക്ലിഫ് ഹൗസിന്റെ മുന്‍വശത്തെ ചുവരുകളും ഹാള്‍ മുറികളും പെയിന്റ് ചെയ്യുന്നതിനായി 1,35,662 രൂപ ചെലവഴിച്ചു. അടിയന്തര പ്രാധാന്യമുള്ള പ്രവർത്തിയാണ് ഇതെന്ന് കാണിച്ച് പൊതുമരാമത്ത് ചട്ടങ്ങള്‍ മറികടന്ന് സാധാരണ ടെന്‍ഡറില്ലാതെ ഈ ജോലിയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെ നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് സാധാരണക്കാർ അടിസ്ഥാന സൗകര്യങ്ങൾക്കായി പോലും ബുദ്ധിമുട്ടുമ്പോൾ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലെ സൗകര്യങ്ങൾക്കായി കോടികൾ ചെലവഴിച്ചെന്ന ആരോപണം വീണ്ടും ചർച്ചയാകുന്നു. മുൻ ഭരണകാലത്ത് ക്ലിഫ് ഹൗസിൽ നടത്തിയ വൻതോതിലുള്ള ചെലവുകളെച്ചൊല്ലി വിമർശനം ശക്തമാകുകയാണ്.

ഭരണരംഗത്തെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, മുൻ ഭരണകാലത്ത് ക്ലിഫ് ഹൗസിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളും ചെലവുകളും വിശദമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ചെലവുകളുടെ ആവശ്യകതയും സുതാര്യതയും ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം


Previous Post Next Post