അനൂപിന് സ്വപ്നസാക്ഷാത്കാരം… നാളെ ഗ്രഹപ്രവേശനം… വഴിയിലെ തടസ്സങ്ങളും നീങ്ങി… സന്ദീപ് വാചസപ്തിക്ക് നന്ദി… ഇടപെടൽ ഫലംകണ്ടു…


        





മാവേലിക്കര- ദിവ്യാംഗനായ അനൂപിന് സ്വപ്‌നവീട്ടിലേക്ക് കയറാൻ ഇനി തടസ്സങ്ങളില്ല. വഴിഅടച്ച് റെയില്‍വെ സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡ് ഇന്നലെ നീക്കം ചെയ്തു. ഇതോടെ ജന്മനാ 85 ശതമാനം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അനൂപിന്റെ വീല്‍ചെയര്‍ വീടിനുള്ളില്‍ എത്തും. നിറഞ്ഞ മനസ്സോടെ അനൂപും കുടുംബവും നാളെ പുതിയവീട്ടിലേക്ക് പ്രവേശിക്കും. ഒരു വീട് എന്ന സ്വപ്നം സഫലമാകുന്ന സന്തോഷത്തിലാണ് അനൂപ് കുടുംബവും.

മാവേലിക്കര പൊന്നാരംതോട്ടം ചാലിശേരില്‍ വീട്ടില്‍ അനൂപിന്, ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എം.ജി.മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലാണ് സ്വന്തമായ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. മാവേലിക്കര നഗരസഭ 19ാം വാര്‍ഡില്‍ പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് വീടൊരുക്കാനുള്ള ഭൂമി കട്ടച്ചിറ ജോൺ എഫ് കെന്നഡി സ്കൂൾ മാനേജ്മെൻറ് വാങ്ങി നൽകി. പാലക്കാട്ടെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർ വീട് പണിയാനുള്ള തുകയും നൽകി. കാലുകളും കൈകളും ചലിക്കാൻ കഴിയാത്ത അനൂപിന് പര്യാപ്തമായ രീതിയിൽ വീട് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത് കരുനാഗപ്പള്ളിയിലെ ഗ്രാൻഡ് ടെക് ബിൽഡേഴ്സ് ആണ്. ഞായറാഴ്ച രാവിലെ ആണ് വീടിൻറെ ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്. കേരളശ്രീ പുരസ്കാരം നേടിയ ഭിന്നശേഷി വ്യക്തിത്വം ജിലു മോൾ മാരിയറ്റ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വൈസ് ചെയർമാൻ ഗോപൻ, കൗൺസിലർ വരുൺ ദേവ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ പങ്കെടുക്കും.


മാവേലിക്കര ആർ.റ്റി ഓഫീസിന്റെ പരിസരത്ത് തന്റെ വീൽചെയറിൽ ഇരുന്ന് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷി യുവാവായ അനൂപ്, അവിടെയെത്തുന്ന ആളുകൾക്ക് റോഡ് സുരക്ഷയുടെ സന്ദേശങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ മാവേലിക്കര ജോ.ആർ.ടി.ഒ എം.ജി മനോജ് തന്റെ സഹപ്രവർത്തകരോടൊപ്പം ചേർന്ന് തുടക്കം കുറിച്ച പദ്ധതിയാണ് ഇന്ന് സ്വപ്ന വീടായി പൂർത്തിയായിരിക്കുന്നത്.

മുന്‍ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ താക്കോല്‍ദാനം നിര്‍വഹിച്ച സ്നേഹവീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റെയില്‍വെ വഴി അടച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വെ വഴി അടച്ചതോടെ വീട്ടിലേക്കുള്ള വഴി അടഞ്ഞ ദിവ്യാംഗനായ അനൂപിന് ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസപ്തിയുടെ ഇടപെടല്‍ ആശ്വാസമായി. സന്ദീപ്, റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സല്‍ മാനേജര്‍ നിധിന്‍ നോര്‍ബട്ടുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാരിക്കേഡ് നീക്കം ചെയ്താൻ തീരുമാനമായത്. വിവരം സന്ദീപ് അനൂപിനെ അറിയിക്കുകയും ചെയ്തിരുന്നു. വഴിഅടച്ച് റെയില്‍വെ സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡ് ഇന്നലെ നീക്കം ചെയ്തു.
Previous Post Next Post