….

അടൂർ: പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ സമരപരിപാടികൾ കടുപ്പിക്കേണ്ടെന്ന് സിപിഐഎം തീരുമാനം. അനിശ്ചിതകാല സത്യഗ്രഹം റദ്ദാക്കി. പകരം ഇന്ന് വൈകിട്ട് അടൂരിൽ പ്രതിഷേധ സംഗമം മാത്രമാണ് സംഘടിപ്പിക്കുന്നത്. പി. ജയരാജൻ സംഗമം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ ആലോചന. അതേസമയം, അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും.
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബറെ കാണാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയെന്നാണ് കേസ്. ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്‌ഐആർ പരിഷ്കരിച്ചത്. എന്നാൽ, സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.